
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഭരണാധികാരികൾക്ക് അധികാരം നഷ്ടമാകും. ഇതുസംബന്ധിച്ച നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്രം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. അഞ്ചു വർഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസം തടവിൽ കഴിയേണ്ടി വന്നാൽ ഇവരുടെ അധികാരം നഷ്ടമാകുന്നതാണ് പുതിയ ബില്ലിലെ ശുപാർശ.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ മന്ത്രിയെ നീക്കംചെയ്യാൻ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാർശ ചെയ്യണം. അഥവാ പ്രധാനമന്ത്രി ശുപാർശ ചെയ്തില്ലെങ്കിലും 31–ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. ഇനി പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കിൽ സ്വമേധയാ രാജിവയ്ക്കണം.
സംസ്ഥാനങ്ങളിൽ മന്ത്രിമാർ ഇത്തരത്തിൽ അറസ്റ്റിലായാൽ സ്ഥാനത്തുനിന്നു നീക്കാൻ മുഖ്യമന്ത്രി ഗവർണറോടു ശുപാർശ ചെയ്യണം. കേന്ദ്രഭരണപ്രദേശമെങ്കിൽ രാഷ്ട്രപതിക്കാണു ശുപാർശ നൽകേണ്ടത്. മുഖ്യമന്ത്രി തന്നെയാണ് അറസ്റ്റിലാകുന്നതെങ്കിൽ പ്രധാനമന്ത്രിയുടെ കാര്യത്തിലെന്നപോലെ സ്വയം രാജിവയ്ക്കണം. ഇല്ലെങ്കിൽ 31–ാം ദിവസം പദവി തനിയെ നഷ്ടമാകും. കസ്റ്റഡിയിൽനിന്നു മോചിപ്പിക്കപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുനർനിയമിക്കാനും കഴിയും.











